#കൊള്ളുവരിയന്മാരുടെ ഇപ്പോഴത്തെ അവസ്ഥ

പാലക്കാട് നിന്നും മലയോരകൃഷിയും, ആട് മേയ്ക്കലും, നായാട്ടും ഒക്കെ ഇല്ലാതായതോടെ കൊള്ളുവരയൻ നായ്ക്കളുടെ കഷ്ടകാലവും തുടങ്ങി. ഇപ്പോൾ മലയോരങ്ങളിൽ ചെലവ് കുറഞ്ഞ സോളാർ വൈദ്യുത വേലികളും, മുൾകമ്പിവേലികളും ആണ് കൃഷി സംരക്ഷിക്കാനായി ഉപയോഗിക്കുന്നത്. അതുപോലെ കൃഷിക്കാർ എയർഗണ്ണും മറ്റും ഉപയോഗിച്ച് പന്നികളെയും, മറ്റ് വന്യമൃഗങ്ങളെയും ഓടിക്കുവാനും തുടങ്ങി. പഴയപോലെ വടികളും, അമ്പും, വില്ലുമായി കാടിളക്കി ആരും നായാട്ടിന് പോകാറുമില്ല. എൻറെ ഓർമ്മയിൽ ഇപ്പോഴുമുണ്ട്, മുമ്പിൽ ഒരു കൊള്ളുവരയൻ നായും, കയ്യിൽ നല്ല കുറുവടികളും, തോട്ടികളുമായി പുഴയിറമ്പിൽ നായാട്ടിന് പോകുന്ന കരിയങ്കോട് എന്ന പാലക്കാടൻ ഗ്രാമത്തിലെ പണിയില്ലാത്ത ചെറുപ്പക്കാരുടെ ചിത്രം. കൊള്ളുവരയൻ നായ്ക്കളെ പൊതുവെ ആളുകൾ വീട്ടിൽ വളർത്താറില്ല, കാവൽ മാടങ്ങളിലും,നായാട്ടു സംഘങ്ങളിലും, ആട്ടിടയന്മാരുടെയും കൂടെയാണ് അവയുടെ സ്വതന്ത്രമായ താമസം. കഴിഞ്ഞ കുറെ വർഷങ്ങളായി ഞാൻ നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ മനസ്സിലാക്കാൻ കഴിഞ്ഞത്. പാലക്കാട് ജില്ലയിലിപ്പോൾ കള്ളുഷാപ്പുകൾ, ഇറച്ചി മാലിന്യങ്ങൾ ഉപേക്ഷിക്കുന്ന സ്ഥലം അങ്ങനെയുള്ള സ്ഥലങ്ങളിൽ ആണ് കൊള്ളുവരയന്മാർ കാണപ്പെടാറുള്ളത് എന്നാണ്. അങ്ങനെ അവിടെ ജനിച്ചു അവിടെ വളർന്നു അവിടെ എന്ന ചേർന്ന് അവിടെ തന്നെ ആരാലും ശ്രദ്ധിക്കപ്പെടാതെ ആരോഗ്യമുള്ള കാലത്തോളം രാജാവായി ജീവിക്കുകയും, പരിക്കുകൾ പറ്റി ആരോഗ്യം നശിക്കുമ്പോൾ മറ്റ് നായ്ക്കളുടെ ആക്രമണത്തിൽ ജീവൻ വെടിയാനുമാണ് കൊള്ളുവരിയൻറെ വിധി.
മിക്കവാറും സ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെട്ട് നായകളുടെ കടിയേറ്റ് വൃണങ്ങളുമായാണ് ഇവയെ കാണുന്നത്. അതുകൊണ്ട് എവിടെയൊക്കെ പ്രസവിച്ച പോലെ അകിട് നിറഞ്ഞ പെൺ കൊള്ളുവരിയന്മാർ കാണുന്നോ അവിടെ അന്വേഷിച്ചു പോകുകയും ഏകദേശം ഒരു മാസം പ്രായമായാൽ അമ്മപ്പട്ടി ഇല്ലാത്ത സമയം നോക്കി കുഞ്ഞിനെ എടുത്തുമാറ്റി ഫോസ്റ്റർ ചെയ്യുകയുമാണ് ചെയ്യുന്നത്. അതുകൊണ്ട് നല്ല ബ്രീഡർമാരുടെ പക്കൽ വിൽപ്പനയ്ക്ക് വച്ച ലാബ്രഡോർ, റോട്ട് വീലർ, ഡോബർമാൻ കുഞ്ഞുങ്ങളെപ്പോലെ തടിച്ചു കൊഴുത്ത് ആരെങ്കിലും എടുക്കാൻ ചെന്നാൽ ഓടി വന്ന് മടിയിൽ കയറുന്ന കുഞ്ഞുങ്ങളല്ല കൊള്ളുവരിയൻ . പൊന്തക്കാടുകളിലും, പനയുടെ ചുവട്ടിലും, മണ്ണ് മാന്തി ഉണ്ടാക്കിയ ചെറു ഗുഹകളിലും ആണ് കൊള്ളുവരിയന്മാർ ഉണ്ടാവുക. വേണ്ടത്ര ആഹാരവും, മറ്റ് പരിചരണവും ഇല്ലാതെ മെലിഞ്ഞു എല്ലുന്തി ആരെങ്കിലും അടുത്തുപോയാൽ മാളത്തിനകത്തേയ്ക്കും, കുറ്റിക്കാടിനകത്തേയ്ക്കും ഓടി മറയുന്ന ഒരു സെമി വൈൽഡ് ആണ് കൊള്ളുവരിയൻ. പിന്തുടർന്ന് ചെന്നാൽ തിരിഞ്ഞു നിന്ന് നമ്മെ ആക്രമിക്കാനും വരും. ഇവയെ ഇണക്കിയെടുക്കുക വളരെ ശ്രമകരമാണ്. വീട്ടിൽകൊണ്ടുവന്നിട്ട് പോലും അടുത്തേയ്ക്ക് വരാതെ എടുക്കാൻ പോകുന്നവരെ കുരച്ചു കൊണ്ട് ആക്രമിക്കുന്ന ഒരു ഇനമാണ് ഇത്.
അങ്ങനെ ഉപേക്ഷിക്കപ്പെട്ട സ്ഥലങ്ങളിൽ ജനിച്ചു അലഞ്ഞു തിരിഞ്ഞു യോഗവും, ഭാഗ്യവുമുണ്ടെങ്കിൽ വളരാനും അല്ലെങ്കിൽ വളർച്ചയെത്തും മുമ്പേ നായപ്പോരുകളിൽ ജീവൻ വെടിയാനുമാണ് കൊള്ളുവരയന് നായ്ക്കളുടെ വിധി. കാണുമ്പോൾ ഓമനത്തം ഇല്ലാത്തതും, ഒരു ഭീഭത്സരൂപവും ഇവയെ പൊതുവെ സാധാരണ നായപ്രേമികളിൽ നിന്നും അകറ്റി നിർത്തുന്നു. നായ്ക്കളിൽ ചണ്ഡാളനാണ് അഘോരിയെപ്പോലെ ജീവിക്കുന്ന കൊള്ളുവരയൻ.

Comments