കൊള്ളുവരയൻറെ വർഗ്ഗശുദ്ധി എങ്ങനെ ഉറപ്പു വരുത്താം?
ഏതാണ്ട് ഗൾഫ് പണത്തിൻറെ ഒഴുക്കോടെയും, അന്യദേശങ്ങളിലേയ്ക്ക് തൊഴിൽ സംബന്ധമായ ആവശ്യങ്ങൾക്കായി പോകാൻ തുടങ്ങിയതിന് ശേഷവുമാണ് മലയാളികൾക്ക് ചില ആഢംബരമോഹങ്ങൾ തുടങ്ങിയത്. അണുകുടുംബമാണെങ്കിലും ആറ് ബെഡ്റൂമുള്ള കൊട്ടാരം പോലുള്ളൊരു വീട്, ഉപയോഗിക്കാറില്ലെങ്കിലും വീട്ടിലൊരു ആഢംബര കാർ, അതുപോലെതന്നെ സിനിമകളിൽ കാണുംപോലെയൊരു വിദേശയിനം നായ. അവസാനത്തെ ആഢംബരം പലപ്പോഴും ആദ്യത്തെ ഒരു വർഷം കഴിഞ്ഞാലോ, നായയ്ക്കൊരു അസുഖം വന്നാലോ മിക്കവാറും തീർന്നുപോകും, പിന്നീട് എങ്ങനെയെങ്കിലും ഇതൊന്ന് ഒഴിവാക്കാനായിരിക്കും താല്പര്യം, അങ്ങനെയാണ് കേരളത്തിലെ മധ്യവർഗ്ഗസമ്പന്നന്മാർ താമസിക്കുന്ന മേഖലകളിൽ വിദേശയിനം നായ്ക്കൾ തെരുവുപട്ടികളെപ്പോലെ അലയാൻ തുടങ്ങിയത്.
വീടുകളിൽ വളർത്തുന്ന വിദേശയിനം നായ്ക്കൾ ഇണചേരുന്നതിനായി മതിൽ ചാടിക്കടന്ന് പുറത്തുപോയി നാടൻ പട്ടികളുമായി ഇണ ചേരാൻ തുടങ്ങിയതോടെ നാടൻ നായ്ക്കളുടെ വർഗ്ഗശുദ്ധി അപകടത്തിലായി. അങ്ങനെയാണ് നാടൻ പട്ടികൾ പ്രസവിക്കുന്ന കുട്ടികൾ ലാബ്രഡോർ റിട്രീവറിനെപ്പോലെയും, പോമറേനിയനെപ്പോലെയും, ജർമൻ ഷെപ്പേർഡിനെപ്പോലെയും, ഡോബർമാനെപ്പോലെയും ആയിത്തീരാൻ തുടങ്ങിയത്. അങ്ങനെ നാടൻ നായ്ക്കൾക്ക് വർഗ്ഗസങ്കരണം സംഭവിച്ചു വർഗ്ഗശുദ്ധി നഷ്ടപ്പെട്ടു. എന്നാൽ ഇവിടെയാണ് കൊള്ളുവരയന്മാരുടെ പ്രസക്തി. കൊള്ളുവരയൻ പാലക്കാടിൻറെ മലയോരപ്രദേശങ്ങളിൽ കാണപ്പെടുന്ന വേട്ടനായ്ക്കളാണ്. ഈ ഗ്രാമങ്ങളിൽ വിദേശ ജനുസ്സുകളുടെ സാന്നിധ്യം കുറവാണ് എന്നല്ല ഇല്ല എന്ന് തന്നെ പറയാം. അതുപോലെ മറ്റു നായ്ക്കളുമായി ഒരു അകലം സൂക്ഷിക്കുന്ന ഇനമാണ് കൊള്ളുവരയൻ . യാതൊരു ബന്ധനവും ഇഷ്ടപ്പെടാതെ "ആൾക്കൂട്ടത്തിൽ തനിയെ" എന്ന മനോഭാവമുള്ള കൊള്ളുവരയൻ വർഗ്ഗസങ്കരത്തിൽ നിന്നും രക്ഷപ്പെട്ടു നിൽക്കുന്ന ഒരു ബ്രീഡ് ആണ്. നാടൻ നായ്ക്കളുമായി മാത്രമേ ഇവ ഇണ ചേരാറുള്ളൂ, അതുകൊണ്ട് തന്നെ നമ്മുടെ നാടിന്റെ ഗുണങ്ങൾ ഇവയിൽ ഇപ്പോഴും പ്രകടമാണ്. പ്രത്യേകിച്ചും രോഗപ്രതിരോധശക്തി, അതുകൊണ്ട് കൊള്ളുവരയൻറെ വർഗ്ഗശുദ്ധിയിൽ സംശയം വളരെ കുറവാണ്. ഇതര ജില്ലകളിലും കൊള്ളുവരയന്മാരെ കാണുന്നുണ്ട് എന്ന് ഒരുപാട് പേര് പറയാറുണ്ട്. ആ പ്രദേശങ്ങളിൽ ഈ ഇനത്തിന് കൊള്ളുവരയൻ അല്ലെങ്കിൽ വേറൊരു പ്രാദേശിക പേര് പറയുന്നത് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഇത് കൊള്ളുവരയൻ എന്ന് പാലക്കാടിൽ മാത്രം അറിയപ്പെടുന്നത്. കേരളത്തിലാണെങ്കിലും പാലക്കാടിന് തനതായ ചില സവിശേഷതകളുണ്ട്. പാലക്കാടൻ ചൂട്, പാലക്കാടൻ കാറ്റ് പാലക്കാടൻ കൃഷികൾ അങ്ങനെ ഒരുപാട് കാര്യങ്ങളിൽ പാലക്കാട് മറ്റ് ജില്ലകളിൽ നിന്നും വ്യത്യസ്തത പുലർത്തുന്നു. മുൻകാലങ്ങളിൽ പാലക്കാട് നിന്നും ആട്ടിൻകൂട്ടങ്ങളുമായി മറ്റ് ജില്ലകളിലേക്ക് പോയ ആട്ടിടയന്മാരോടൊപ്പം ഇവയും മറ്റ് ജില്ലകളിൽ എത്തി ആ സ്ഥലങ്ങളിലെ നാടൻ നായ്ക്കളുമായി ഇണ ചേർന്ന് മറ്റ് ജില്ലകളിലും ഈ ഇനം നായ്ക്കൾ വർദ്ധിച്ചതാകാം. കൊള്ളുവരയന്മാരെക്കുറിച്ച് വിവരങ്ങൾ പങ്കുവെയ്ക്കാൻ ഇവയുടെ പേര് മറ്റ് സ്വഭാവ വൈശിഷ്ട്യങ്ങൾ എന്നിവയെക്കുറിച്ച് പറയാൻ പാലക്കാട് ജില്ലയിലെ കിഴക്കൻ പ്രദേശക്കാർക്ക് മാത്രമേ സാധിച്ചിട്ടുള്ളൂ.
മറ്റ് ജില്ലകളിൽ അല്ലെങ്കിൽ പ്രദേശങ്ങളിൽ ഇതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ഇല്ലാതിരിക്കാൻ കാരണം ആ നാട്ടുകാർക്ക് ഈ ഇനം നായ്ക്കൾ വെറും സാധാരണ നായ്ക്കൾ മാത്രമാണ്, അതുപോലെ തനതായ നാടൻ ഇനങ്ങളെക്കുറിച്ചുള്ള അജ്ഞതയും ഇതിനൊരു കാരണമാണ്.
തനതായ കൊള്ളുവരയൻ രൂപത്തിലും ഭാവത്തിലും വരയൻ പുലിയോട് സാദൃശ്യം ഉള്ളവയാണ്. കടുംതവിട്ടു നിറമുള്ള ശരീരത്തിലെ കാണാനഴകില്ലാത്ത കറുത്ത വരകളാണ് ഇവയുടെ പ്രാഥമിക ലക്ഷണം. ഇത് തന്നെയാണ് പൊതുവെ കുടുംബങ്ങളിൽ ഇവയെ വളർത്താത്തതിന് കാരണം. പകുതിയൊടിഞ്ഞ ചെവികൾ, സൗഹൃദമല്ലാത്ത ഭാവം, തടിച്ചു കൊഴുത്ത ബലിഷ്ഠമായ ശരീരം, തൻറെ ഇരട്ടിയോളം പോന്ന കാട്ടുപന്നിയെ പിന്തുടർന്ന് ചാടിവീണ് ആക്രമിച്ചു കൊല്ലാൻ മാത്രം ശക്തമായ പേശീബലമുള്ള, ബലിഷ്ഠമായ മുൻകാലുകളും , പിൻകാലുകളും മൂർച്ചയുള്ള നഖങ്ങളും, ഈ ശരീരത്തോട് ഒട്ടും യോജിക്കാത്ത മെലിഞ്ഞ ഭംഗിയില്ലാത്ത നീളംകുറഞ്ഞ വാൽ, ക്രൗര്യം നിറഞ്ഞ ചുവന്ന ചോരക്കണ്ണുകൾ, മറ്റ് നായ്ക്കളെയും, ആടുകളെയും, പന്നികളെയും ആക്രമിക്കുന്ന സമയത്ത് പുലികളെപ്പോലെ കഴുത്തിന് താഴെ കൃത്യമായി ഒരൊറ്റ കടിയിൽ തന്നെ ഇരയുടെ കഴുത്തിൽ പല്ലുകളാഴ്ത്തി കടിച്ചുകുടയുന്ന സ്വഭാവം. ആക്രമണത്തിൻറെ ആദ്യ രംഗങ്ങളിൽ തന്നെ കൃത്യമായി ഇരയെ ഞരമ്പിൽ കടിച്ചു കുടഞ്ഞു മരണത്തിലേയ്ക്ക് തള്ളിവിടാൻ അസാമാന്യ വൈദഗ്ദ്യം, രക്ഷപ്പെട്ടാലും അധികകാലം ജീവിക്കാറില്ല ഇരകൾ. ഈ ആക്രമണോൽസുകതയാണ് കൊള്ളുവരയന്മാരുടെ സവിശേഷത. അതുകൊണ്ടു തന്നെ മലയോരത്ത് കൃഷിസ്ഥലങ്ങളോടൊപ്പം ഒറ്റതിരിഞ്ഞു ജീവിക്കുന്ന കൃഷിക്കാരുടെ കാവൽ മാടങ്ങളിൽ, ആട്ടിൻപറ്റങ്ങളോടൊപ്പമൊക്കെ ഇവയെ വളർത്തുന്നത്. ഇവ ഒരിക്കലും വീടുകളിൽ അല്ലെങ്കിൽ കുടുംബങ്ങളിൽ ഓമനമൃഗം ആയി വളർത്താറില്ല.

Oru pair kirtan undo ? 9447727374
ReplyDeleteഇങ്ങനെയൊരു വർഗ്ഗം ഇല്ല. ഇതൊരു ഡിസൈൻ മാത്രമാണ്. ഇങ്ങനെ തള്ളി മറിക്കല്ലേ. ഇവിടെ ചെങ്ങന്നൂരിൽ വന്നാൽ തെരുവിൽ ഇഷ്ടം പോലെ കാണാം. പുലിയാണ്...മലരാണ്..ഹഹ
ReplyDelete