#കൊള്ളുവരയന്മാരെ പരിശീലിപ്പിക്കുന്ന വിധം

കൊള്ളുവരയന്മാർ പ്രകൃത്യാ വേട്ടക്കാർ ആയത് കൊണ്ട് അവയെ ആ രീതിയിൽ തന്നെ പരിശീലിപ്പിക്കണം. അല്ലാതെ വീട്ടിൽ വരുന്ന അതിഥികൾക്ക്‌ മുന്നിൽ ഷേക്ക് ഹാൻഡ് കൊടുപ്പിക്കുന്ന വിധത്തിൽ പരിശീലിപ്പിക്കരുത്.
ഞങ്ങൾ സ്കൂളിൽ പഠിക്കുന്ന സമയത്ത് നിത്യേന പാലക്കാട് നഗരത്തിൻറെ അതിർത്തിയായ യാക്കരപ്പുഴയിൽ കുളിക്കാൻ പോകുമായിരുന്നു. യാക്കരപ്പുഴയ്ക്ക് "കണ്ണാടിപ്പുഴ" എന്നും പേരുണ്ട്. കലങ്ങലില്ലാതെ നല്ല സ്പടികം പോലത്തെ വെള്ളം, അതായിരിക്കാം കണ്ണാടിപ്പുഴ എന്ന പേര് വരാൻ കാരണം. അന്ന് കണ്ണാടിപ്പുഴ പുഴ സ്വച്ഛന്ദമായി ഒഴുകിയിരുന്ന കാലമാണ്. ആവശ്യത്തിന് ഒഴുക്കും, അപകടമില്ലാത്ത വിധത്തിൽ നീന്താനും, കുളിക്കാനും കഴിയുമായിരുന്നു ആ സമയത്ത്. പുഴയിലേക്ക് വീട്ടിൽ നിന്നും ഒരു കിലോമീറ്റർ ദൂരമുണ്ട്. ഈ ഒരു കിലോമീറ്റർ റയിൽവേ ട്രാക്കിലൂടെയും, പാടത്തുകൂടെയും ആണ് പോകേണ്ടിയിരുന്നത്. റയിൽവേ ട്രാക്കിനു ഇരു വശവും മുൾച്ചെടികളും, കൊടുക്കാപ്പുളി - ഇലന്തിമരങ്ങളുമാണ്. ഈ മരങ്ങളിൽ ആണെങ്കിൽ ഒരുപാട് ഓന്തുകൾ പറ്റിപ്പിടിച്ചു നിൽക്കും. അങ്ങനെ രാവിലെ 6 മണിക്ക് തുടങ്ങുന്ന പുഴയിലേക്കുള്ള യാത്രയിൽ മുള്ള് നിറഞ്ഞ കൊടുക്കാപ്പുളി മരങ്ങളിലും ഇലന്തിമരങ്ങളിലും പറ്റിപ്പിടിച്ചിരിക്കുന്ന ഓന്തുകളെ ഞങ്ങൾ എറിഞ്ഞു വീഴ്ത്തും, ഓന്ത് വീണതും നായ്ക്കൾ ചാടിവീണ് അവയെ കടിച്ചു കീറും, അങ്ങനെ അത്ര പെട്ടെന്നൊന്നും ഓന്തിനെ കിട്ടില്ല, ഓന്ത് ജീവനും കൊണ്ടോടും, പിന്നാലെ നായ് ഓടും അവസാനം എവിടെപ്പോയൊളിച്ചാലും നായ് ഓന്തിനെ പിടിച്ചേ തിരിച്ചു വരികയുള്ളൂ. ആദ്യമാദ്യം ഒരു വൈക്ലബ്യം കാണിക്കുമായിരുന്ന നായ ഒരു ഓന്തിനെ കൊന്ന് അതിൻറെ രക്തം മൂക്കിൽ തേച്ചു കൊടുത്ത ശേഷം ദൂരേയ്ക്ക് വലിച്ചറിഞ്ഞാൽ ഒരു പ്രത്യേക ആവേശത്തോടെ പാഞ്ഞുപോയി കടിച്ചു തിരികെ കൊണ്ട് വരുമായിരുന്നു. അതുപോലെ കൈതപ്പൊന്തകളിൽ ഒളിഞ്ഞിരിക്കുന്ന കീരി, വെരുക്, കാട്ടുമുയൽ, കുളക്കോഴി, കൊറ്റി എല്ലാത്തിനെയും പിന്തുടർന്ന് പിടിക്കാൻ നിത്യേന നല്ല പരിശീലനം കൊടുക്കും. ആദ്യത്തെ ഒരാഴ്ചയൊന്നും കാര്യമായി വിജയിക്കില്ല. വെറുതെ ഓടിപ്പോയി കുറച്ചു കഴിഞ്ഞുതിരിച്ചു വരും, അപ്പോഴാണ് വേറൊരു കാര്യം ശ്രദ്ധിച്ചത്. നായ്ക്കളുടെ ആഹാരം കുറച്ചു നിയന്ത്രിച്ചാൽ നായ്ക്കളുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന അതിന്റെ സ്വത്വമായ വന്യത പുറത്തു വരും. അതിന് പകൽ 11 മണിക്ക് ആഹാരം കൊടുത്ത ശേഷം അടുത്ത ദിവസം രാവിലെ ഇതുപോലെ പരിശീലനത്തിനു  കൊണ്ടുപോയ സമയത്ത് നായ്ക്കളുടെ വീറും, വാശിയും കൂടുതലായി കാണപ്പെട്ടു. അതിന് കാരണം ഒന്നാമതായി അതിൻറെ വിശപ്പ്, രണ്ടാമതായി വിശപ്പ് കൂടിയപ്പോൾ അതിന് നിലനിൽക്കണമെങ്കിൽ ആഹാരം കിട്ടിയേ കഴിയൂ എന്ന നില വന്നു.അത് നായ്ക്കളുടെ ഉള്ളിലുറങ്ങിക്കിടന്നിരുന്ന വന്യത ഉണർത്തി. അതോടൊപ്പം ഇരയെ ആക്രമിച്ചു കൊന്ന് ആഹാരമാക്കാനുള്ള ത്വര അതിന് കൂടിവന്നു. അങ്ങനെ ഉടുമ്പ്, വെരുക് എന്നിവയെ പിടിച്ചു കടിച്ചു കുടയാനും പച്ചമാംസത്തിന്റെ രുചി അറിയാനും അതിന് സാധിച്ചു. പിന്നീട് വീട്ടിൽ നല്ല നാടൻ കോഴിക്കറി വയ്ക്കുമ്പോൾ കോഴിയുടെ മാംസം കഴുകിയ ചോര കലർന്ന വെള്ളം കുടിക്കാൻ കൊടുക്കുക, മാംസം വേവിച്ച വെള്ളം തണുക്കുമ്പോൾ കുടിക്കാൻ കൊടുക്കുക എന്നിങ്ങനെയുള്ള രണ്ടാം ഘട്ടം പരിശീലനം തുടങ്ങി. കൊള്ളുവരിയനെ ഒരു വന്യമൃഗത്തെ ഇണക്കി വളർത്തുന്ന രീതിയിൽ ആണ് ഞങ്ങൾ പരിശീലിപ്പിച്ചത്.ഏകദേശം 6 മാസം കൊണ്ട് കൊള്ളുവരിയനെ ഒരു നല്ല വേട്ടപ്പട്ടി ആക്കിമാറ്റാം.
ഇവയുടെ പ്രഭാവക്കാലത്ത് അലസമായി അലഞ്ഞുനടന്നിരുന്നവരാണ് കൊള്ളു വരയന്മാർ, പക്ഷെ കാലക്രമേണ അവയുടെ സ്വഭാവത്തിന് മാറ്റം വന്നു, ശരിയായ പരിപാലനമില്ലാത്തത് കാരണം അവയുടെ ജനിതകഗുണങ്ങൾ കുറഞ്ഞു വന്നു, പക്ഷെ അത് നശിക്കാതെ അവയുടെ ഉള്ളിൽ സുഷുപ്താവസ്ഥയിൽ തന്നെയുണ്ട്. നല്ല താല്പര്യമുള്ളവർക്ക് വീണ്ടും നല്ല പരിശീലനം കൊടുത്ത് അവയുടെ ഉള്ളിലെ ജനിതക ഗുണങ്ങൾ വീണ്ടും ഉണർത്തിയെടുക്കാം. ആദ്യം ദിവസം രണ്ടു നേരം അതായത് രാവിലെ 10 മണിക്കും രാത്രി 10 മണിക്കും ആഹാരം കൊടുക്കാം. ഇവരുടെ വളർച്ചയുടെ സമയമായി ആദ്യത്തെ 10 മാസം മുതൽ 12 മാസം വരെ ഇങ്ങനെ വളർച്ചയെ സ്വാധീനിക്കുന്ന നല്ല ആഹാരം കൊടുത്ത് ശീലിപ്പിക്കണം. നല്ല ആഹാരം അതുപോലെ നല്ല അധ്വാനം അതായത് നിത്യേന രാവിലെയും, വൈകുന്നേരവും ഒരു മണിക്കൂർ ഓടാനും, പിന്തുടരാനും,മണം പിടിക്കാനും ഉള്ള കഠിനമായ പരിശീലനം കൊടുക്കണം.ഏകദേശം 10 മാസത്തിനുള്ളിൽ നല്ല കരുത്തുറ്റ പേശികളോട് കൂടിയ ക്രൗര്യമുള്ള ഒരു ഇനമായി മാറും. പിന്നീട് ആഹാരം ഒരു നേരമാക്കി കുറയ്ക്കണം. പക്ഷെ വ്യായാമം, പരിശീലനം എന്നിവയിൽ ഒരു കുറവും വരുത്തരുത്. അങ്ങനെ കുറഞ്ഞ ആഹാരത്തിൽ നല്ല കായികക്ഷമത എന്ന കൊള്ളുവരയന്റെ പ്രധാന ജനിതകഗുണം നമുക്ക് ലഭ്യമാക്കാം. ഒരു വർഷത്തോളം പകൽ കെട്ടിയിട്ട് നിർത്തിയശേഷം രാത്രി മാത്രം തുറന്നു വിടുക. എന്നിട്ട് ഒരു വർഷം  കഴിഞ്ഞാൽ വലിയ വേലിക്കെട്ടുള്ള പറമ്പുകളിൽ സ്വതന്ത്രമായി വിഹരിക്കാൻ അനുവദിക്കാം. ആവശ്യമെങ്കിൽ മാത്രം ബെൽറ്റ് അണിയിക്കുക. സ്വാതന്ത്രമാക്കുന്ന സമയത്ത് ബെൽറ്റും അഴിച്ചു മാറ്റുക. പെണ്ണിന് 16 മാസവും, ആണിന് 18 മാസവും പ്രായം ആകുന്നതിന് മുമ്പ് ഒരു കാരണവശാലും ഇണ ചേർക്കരുത്. അതുപോലെ മറ്റ് ഇനങ്ങളുമായി ഇണ ചേരാൻ അനുവദിക്കരുത്.
ആഹാരത്തിൽ നിത്യം ഇറച്ചി ഉൾപ്പെടുത്തണം, ആദ്യത്തെ ആറു മാസം നല്ല മാംസം ചെറുതായി അരിഞ്ഞ ശേഷം നല്ലപോലെ വേവിച്ചു കൊടുക്കാം, പിന്നീട് പാതി വെന്ത ഇറച്ചി, പച്ച ഇറച്ചി എന്നിവ കൊടുത്ത് പരിശീലിപ്പിക്കാം . കുടിക്കാൻ മാംസം കഴുകിയ വെള്ളം, മാംസം വേവിച്ച ശേഷം ബാക്കിയുള്ള വെള്ളം എന്നിവ കൊടുക്കാം. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഒരിക്കലും വേദനിപ്പിക്കരുത്. ചൂരൽ കൊണ്ടോ, ചാട്ട കൊണ്ടോ, ബെൽറ്റ് കൊണ്ടോ അടിക്കരുത്, അടിക്കുന്ന പോലെ ആംഗ്യം പോലും കാണിക്കരുത്. സ്നേഹത്തിലൂടെ മാത്രം പരിശീലിപ്പിക്കുക, നമ്മുടെ ആജ്ഞകൾ അനുസരിക്കുമ്പോൾ അവന് കോമ്പ്ലിമെന്റുകൾ കൊടുക്കുക, പ്രോത്സാഹിപ്പിക്കുക, തടവിക്കൊടുക്കുക. സ്നേഹിച്ചാൽ "ജീവൻ തരാനും" അതുപോലെ ദ്രോഹിച്ചാൽ "ജീവനെടുക്കാനും" മടിക്കാത്ത ഒരു തനത് ഇനത്തിൽപ്പെട്ട നായയോട് ആണ് ഇടപഴകുന്നത് എന്ന ബോധം എല്ലായ്‌പ്പോഴും വേണം. പേവിഷബാധയ്ക്കുള്ള കുത്തിവെയ്പ്പ് കൃത്യമായി എടുക്കുക. അതുപോലെ സ്ഥിരമായ വിരയിളക്കൽ (മരുന്നില്ലാതെ പുല്ല് തിന്നുകൊണ്ടുള്ളത്) മുറിവുകൾ പറ്റിയാൽ ചെറിയ മുറിവുകൾ ആണെങ്കിൽ സ്വയം നക്കി ഉണക്കാൻ അനുവദിക്കുക.
കൊള്ളുവരയനെ പരിപാലിക്കുന്നതും വരയൻ പുലിയെ ഇണക്കി വളർത്തുന്നതും തമ്മിൽ വലിയ വിത്യാസമില്ല. നമ്മളുമായി നല്ലപോലെ ഇണങ്ങിക്കഴിഞ്ഞാൽ തമാശയ്ക്ക് പോലും നമ്മുടെ സുഹൃത്തുക്കൾ നമ്മെ തള്ളുകയോ, ചീത്ത വിളിക്കുകയോ ചെയ്താൽ കൊല്ലുവാരിയൻ അക്രമാസക്തനാകാൻ സാധ്യതയുണ്ട്, അതുകൊണ്ട് കൊള്ളുവരയനു മുന്നിൽ അത്തരം രംഗങ്ങൾ കാണിക്കാതിരിക്കുക.


Comments

  1. പാലക്കാട് കഞ്ചിക്കോട് 20 നഖമുള്ള ഐശ്വര്യമുള്ള കൊള്ളുവരയൻ കുഞ്ഞുങ്ങളെ കണ്ടെത്തിയതായി അറിയിപ്പ് കിട്ടിയിട്ടുണ്ട്. താത്പര്യമെങ്കിൽ വിവരം തന്ന ശ്രീ.ജോയ് (മൊബൈൽ നമ്പർ 8157998104) അദ്ദേഹത്തെ ബന്ധപ്പെട്ട് കാര്യങ്ങൾ അന്വേഷിച്ചു ദത്തെടുക്കാവുന്നതാണ്.

    ReplyDelete
    Replies
    1. പാലക്കാട്‌.. എവിടെ വീട്

      Delete
    2. You come to chengannur (alpy district). You can find many such dogs from street. No such breed, a matter of design only

      Delete
  2. Adult dog എത്ര ഉയരം ഉണ്ടാകും ???

    ReplyDelete
  3. There's no such breed, kind of design only.

    ReplyDelete

Post a Comment