ഉപേക്ഷയിൽ നിന്നും ഉയിർത്തെഴുന്നേറ്റവൾ #റെയ്സി

നന്ദിയിൽ നായകൻ നായയെങ്കിൽ
നന്ദികേടിൽ നാമം മനുഷ്യനത്രെ
ആസ്സാമിൽ നിന്നും 15 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലെത്തിയിട്ട് 10 ദിവസം ആയതെയുള്ളൂ…
ഞാൻ ഇവിടെ ഉള്ളത് തന്നെ പലർക്കും അറിയില്ല..
സുഹൃത്തുക്കളായ രമേശും, മധുവും, സോജിയും ആയി സൊറപറയാനും, പഠനകാലത്തെ മധുരിക്കുന്ന ഓർമ്മകൾ അയവിറക്കാനും വന്നതായിരുന്നു പാലക്കാട് ടൌൺ ബസ്റ്റാന്റിന് മുൻവശത്തുള്ള മംഗളം ടവേഴ്‌സിലെ ഓഫീസിൽ. ചെറുപ്പകാലം മുതൽ തന്നെ സഹജീവികളോടുള്ള സ്നേഹം കാരണം മുഖപുസ്തകത്തിലെ പല വിധത്തിലുള്ള ദത്തെടുക്കൽ ദളങ്ങളിൽ അംഗവുമായിരുന്നു. അങ്ങനെ ഒരു ദിവസം ഉച്ചയ്ക്ക് ഓഫീസിൽ ഇരിക്കുമ്പോഴാണ് മുഖപുസ്തക ദളത്തിലെ സുഹൃത്തായ കുമാരി.കൃഷ്ണപ്രിയ ഒരു പോസ്റ്റ് പങ്കുവയ്ക്കുന്നത്. രണ്ടു കണ്ണിനും കാഴ്ച നശിച്ചു പ്രായമായ ഒരു പഗ്ഗ് ഇനത്തിൽ പെട്ട പെൺപട്ടിയെ പാലക്കാട് മൃഗാശുപത്രിയിൽ ഉപേക്ഷിയ്ക്കപ്പെട്ട നിലയിൽ കണ്ടതിനെത്തുടർന്ന് കൃഷ്ണപ്രിയയ്ക്കുണ്ടായ മനോദുഃഖം പ്രകടിപ്പിക്കുന്നതായിരുന്നു ആ എഴുത്ത്. ആ എഴുത്തിന്റെ ഹൃദയഹാരിതയോ, എഴുതിയ ആളിന്റെ ആത്മാർത്ഥതയോ, എന്റെ സഹജീവി സ്നേഹമോ എന്നെനിക്കറിയില്ല, പക്ഷെ അപ്പോൾ തന്നെ എനിക്ക് വല്ലാത്ത ഒരു വീർപ്പുമുട്ടൽ അനുഭവപ്പെട്ടു. ആൾക്കൂട്ടത്തിൽ ഞാൻ മാത്രം എന്നൊരു അനുഭവം. മനസ്സിൽ വേറൊന്നും തോന്നിയില്ല ഉടനെ തന്നെ മറുപടിയായി ഞാൻ എഴുതി “ഒരു 15 മിനിറ്റ് ഞാൻ എത്തിപോയി” ഇത്‌ എഴുത്തിയശേഷം എന്നെപോലെ നായ്ക്കളെ ഭ്രാന്തമായി സ്നേഹിക്കുന്ന രമേശിനോട് പറഞ്ഞു നമുക്ക് പോയി ആ നായയെ എടുക്കാം, ഞാൻ എന്റെ വീട്ടിൽ കൊണ്ടു പോകാം. എന്നാൽ ആ സമയത്തു തന്നെ രമേശിന് ബാങ്കിൽ നിന്നും ഒരു അത്യാവശ്യ കാര്യത്തിന് വിളി വന്നു. അങ്ങനെ പ്രിയമിത്രം മധുവിനെ പറഞ്ഞു പ്രോത്സാഹിപ്പിച്ചു കൂടെക്കൂട്ടി ഞങ്ങൾ രണ്ടുപേരും ഉടനെതന്നെ പാലക്കാട് മൃഗാശുപത്രിയിൽ പോയി. അവിടെ കണ്ട കാഴ്ച്ച ഏതൊരു മൃഗസ്നേഹിയുടെയുടെയും കരളയിക്കുന്നതായിരുന്നു. മൂന്ന് ദിവസമായി ഒരു തുരുമ്പ് പിടിച്ച കൂട്ടിനകത്ത് ഒന്നും കാണാതെ, മൂത്രത്തിലും, കാഷ്ഠത്തിലും ഉരുണ്ടുപിരണ്ടു  മലീമസമായ അന്തരീക്ഷത്തിൽ എവിടെ ആഹാരം, എവിടെ വെള്ളം എന്നുപോലും അറിയാതെ ഉപേക്ഷിച്ചുപോയ യജമാനൻ വിളിക്കാൻ വരുന്നതും കാത്ത് മോങ്ങിക്കൊണ്ടിരിക്കുന്ന ഒരു പെൺപഗ്ഗ്.
അപ്പോൾ തന്നെ ഞാൻ അകത്തേയ്ക്ക് പോയി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ.ആശയോട് ഇതിന്റെ കാര്യങ്ങൾ അന്വേഷിച്ചു. അപ്പോഴാണ് കാര്യങ്ങൾ അറിഞ്ഞത്. മൂന്ന് ദിവസം മുമ്പ് ഒരു മെഡിക്കൽ ക്യാമ്പ് ഉണ്ടായിരുന്നു. ആ ക്യാമ്പിൽ കൊണ്ട് വന്നതായിരുന്നു ഈ കാഴ്ച്ച നഷ്ടപ്പെട്ട  പഗ്ഗിനെ, എന്നാൽ വീണ്ടും കാഴ്ച്ചശക്തി കിട്ടണമെങ്കിൽ നേത്രശാസ്ത്രക്രിയ വേണ്ടുവരുമെന്നും അതിന് സൗകര്യം വയനാട്ടിൽ ഉള്ള കേരള മൃഗപരിപാലന സർവ്വകലാശാലയിൽ മാത്രമേ ഉള്ളൂ എന്നറിഞ്ഞപ്പോൾ അത്രയ്ക്കും “മെനക്കെടാൻ” താൽപര്യമില്ലാത്ത അതിന്റെ യജമാനൻ സൂത്രത്തിൽ അതിനെ അവിടെ ഉപേക്ഷിച്ചു കടന്നു കളഞ്ഞു. അങ്ങനെയാണ് ഊരും, പേരുമറിയാതെ അവൾ അവിടെ ഒറ്റപ്പെട്ടത്. ആരുടെയൊക്കെയോ ദയകൊണ്ട് തീറ്റയായി പെഡിഗ്രിയും, വെള്ളവും കൊടുത്തിരുന്നെങ്കിലും അത് എവിടെയെന്നറിയതെ തട്ടിമറിച്ചു വീണ്ടും വീണ്ടും മോങ്ങിക്കൊണ്ടിരിക്കുന്ന അവളെ വേറൊന്നും ആലോചിച്ചില്ല, വീട്ടിലേയ്ക്ക് കൊണ്ടു വരാൻ തന്നെ തീരുമാനിച്ചു. ഡോക്ടറോട് സംസാരിച്ചു പേവിഷബാധയ്ക്കെതിരെയുള്ള കുത്തിവയ്പ് എടുത്തു നേരെ സുഹൃത്തായ ശശികുമാറിന്റെ സമീപത്തുള്ള പെറ്റ് ഫോർട്ട് എന്ന സ്ഥാപനത്തിലേക്ക് പോയി ഒരു ബെൽറ്റും, ആഹാരത്തിനുള്ള പാത്രവും, മൃഗക്കൊഴുപ്പ് ചേർത്ത ബിസ്കറ്റും, പെഡിഗ്രിയും വാങ്ങി നേരെ വീട്ടിലേയ്ക്ക് വന്നു. വീട്ടിൽ കൊണ്ടു വന്നതും വീട്ടുകാരുടെ മുഖം മാറി, കാഴ്ച്ച ശക്തിയില്ലാത്ത നായയെ എന്തിനാ വളർത്തുന്നത് എന്നായിരുന്നു അവരുടെ ന്യായം? ഞാൻ ദത്തെടുത്തു വീട്ടിലേയ്ക്ക് കൊണ്ടുപോയി എന്നറിഞ്ഞതും ഇരു പാട് പേര് വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചു. പഗ്ഗിനെ നോക്കേണ്ട രീതികൾ, ഭക്ഷണം, മരുന്ന് അങ്ങനെ വേണ്ട ഉപദേശ നിർദ്ദേശങ്ങൾ ഒക്കെ സൗജന്യമായി കിട്ടി. അങ്ങനെ ഞാനും ഒരു പഗ്ഗിന്റെ ഉടമസ്ഥനായി. ഇനി എങ്ങനെ എന്ത് പേരിട്ട് വിളിക്കും? ഉപേക്ഷയിൽ നിന്നും ഉയിര്തെഴുന്നേറ്റ ഇവൾക്ക് പേര് അന്വേഷിച്ച എനിക്ക് ഒരൊറ്റ പേര് മാത്രമേ മനസ്സിൽ വന്നുള്ളൂ. റെയ്സി (റെയ്സ്ഡ് ഫ്രം അബാൻഡൻഡ്).അങ്ങനെ റെയ്‌സിയായി അവൾ നമ്മുടെ കുടുംബത്തിലൊരാളായി, ഒന്നരവയസ്സായ മകൾക്കൊരു കൂട്ടായി.
കണ്ണില്ലാത്തവരുടെ വിഷമം അറിയാൻ കണ്ണടച്ചാൽ മതിയാവില്ല, അതിന് കണ്ണില്ലാതാവുക തന്നെ വേണം എന്ന് വിശ്വസിക്കുന്നത് കൊണ്ടാവണം, എനിക്ക് അവളുടെ കഷ്ടപ്പാടുകൾ കാണാനുള്ള കരുത്തില്ലാതെയായി. ദിക്കും, ദിശയുമറിയാതെ മുമ്പിൽ എന്താണെന്നറിയാതെ ചുമരിൽ തലയിടിച്ചു നടക്കുന്ന, പടവുകൾ അറിയാതെ താഴേയ്ക്ക് വീണ് മോങ്ങിനടക്കുന്ന അവളുടെ വിഷമം മനസ്സിലാക്കാൻ കണ്ണില്ലാതാവണം എന്ന് വേണ്ടല്ലോ? കുമാരി.കൃഷ്ണപ്രിയയുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോൾ വയനാട് പൂക്കോട് മൃഗസംരക്ഷണ സർവ്വകലാശാലയിൽ വിദ്യാർത്ഥിനിയായ അഞ്ജനലക്ഷ്മി ഇക്കാര്യത്തിൽ സഹായിക്കാം എന്നേറ്റു. പക്ഷെ അവരുടെ സർവ്വകലാശാലയിൽ എത്തിച്ചുകൊടുക്കുകയും, ഓപ്പറേഷൻ കഴിഞ്ഞു ഭേദമായാൽ തിരികെ കൊണ്ടുവരികയും വേണമെന്ന വ്യവസ്ഥയിൽ അവർ സഹായിക്കാമെന്നേറ്റു. സുഹൃത്തുക്കളുമായി ആലോചിച്ചു എല്ലാവരുമായി വയനാട് പോകാനും, റെയ്‌സിയെ അവിടെ മൃഗസംരക്ഷണ സർവ്വകലാശാലയിൽ ചേർത്ത് തിരികെ ഊട്ടി വഴി കറങ്ങി വരാനും തീരുമാനിച്ചു പക്ഷെ 12 ന് രാത്രി എല്ലാവരും ഓരോ ഒഴിവ് കഴിവ് പറഞ്ഞൊഴിഞ്ഞു. അവസാനം സഹോദരതുല്യനായ ജോക്കി ജീവനക്കാരൻ സുമേഷുമായി പുലർച്ചെ 5 മണിക്ക് യാത്ര തുടങ്ങാൻ നിശ്ചയിച്ചു. അങ്ങനെയാണ് 2019 ജനുവരി13 ന് പൂക്കോട്ടുള്ള കേരള മൃഗസംരക്ഷണ സർവ്വകലാശാലയിലേയ്ക്ക് റെയ്സിയുമായി ഒരു ബൈക്കിൽ യാത്ര തിരിക്കുന്നത്. വയനാട് എത്തുന്നതിന് മുമ്പ് ഒരുപാട് ആപത്തുകൾ തരണം ചെയ്യേണ്ടിവന്നു. ബൈക്കിന്റെ ബ്രെക്ക് നഷ്ടപ്പെട്ടു. റെയ്സി ഉള്ളതുകൊണ്ട് ആഹാരം കഴിക്കാൻ വഴിയില്ല. ഞായറാഴ്ച്ച ആയതുകൊണ്ട് ബ്രെക്ക് നന്നാക്കാനുള്ള വർക്ക്‌ഷോപ്പ് അല്ലെങ്കിൽ ആളുകളെ കിട്ടുന്നില്ല. പതുക്കെ 30 കിലോമീറ്റർ വേഗതയിൽ മുന്നോട്ട് നീങ്ങി. ചുരത്തിൽ കൂടിയുള്ള ബൈക്ക് യാത്ര റെയ്സി ഒരു പാട് ആസ്വദിച്ചു. അവളുടെ കണ്ണുകളിൽ കാഴ്ചയുണ്ടായിരുന്നെങ്കിൽ എന്ന് ഉള്ളുകൊണ്ട് ഞാനാശിച്ചു. ചുരം കയറുമ്പോൾ വഴിനീളെ കുരങ്ങുകൾ, ഞങ്ങൾക്ക് ഒരു പാട് സെൽഫി എടുക്കണം എന്നുണ്ടായിരുന്നു, എന്നാൽ റെയ്സി കൂടെയുള്ളത് കൊണ്ട് കുരങ്ങുകൾ ആക്രമിക്കുമോ എന്നുള്ള പേടി കാരണം അധികമൊന്നും ഫോട്ടോ എടുത്തില്ല. അങ്ങനെ പതുക്കെ 2 മണി ആയപ്പോൾ ഞങ്ങൾ വയനാട്ടിലേക്ക് സ്വാഗതം എന്നെഴുതിയ കമാനം കടന്ന് മൃഗസംരക്ഷണ സർവ്വകലാശാലയിലേയ്ക്ക് എത്തി. മുൻകൂട്ടി അറിയിച്ചതനുസരിച്ച് ഡോ. അഞ്ജനലക്ഷ്മി ഞങ്ങളെ സ്വീകരിച്ചു ഔട്ട് പേഷ്യന്റ് വിഭാഗത്തിൽ കൊണ്ടുപോയി പ്രാഥമിക പരിശോധനകൾ നടത്തി. ശേഷം റെയ്‌സിയെ ചികിൽസിക്കാം എന്ന് ഏറ്റിരുന്ന ഡോ.ജിഷ വന്ന് പരിശോധിച്ചു.
വാർഡിലേക്ക് മാറ്റി. കേരളത്തിൽ ഇത്രയും സൗകര്യമുള്ള ഒരു മൃഗചികിത്സാകേന്ദ്രം ഉണ്ടായിട്ടും ആരും ഉപയോഗപ്പെടുത്തില്ലല്ലോ എന്ന് വളരെ വിഷമം തോന്നി. ഓരോ നായയ്ക്കും പ്രത്യേകം സൗകര്യമുള്ള ബ്ലോക്ക്, തണുപ്പേൽക്കാതിരിക്കാൻ തട്ട് ഇട്ട് അതിൽ കട്ടിയുള്ള റബ്ബർ ഷീറ്റ് ഇട്ട് സൗകര്യമൊരുക്കിയിരിക്കുന്നു. നല്ല ബന്ധവസ്സുള്ള നായ്ക്കളുടെ വാർഡ്. ആഹാരം വച്ചു കൊടുക്കാനുള്ള പാത്രവും അതുപോലെ വെള്ളം കൊടുക്കാനുള്ള പാത്രവും, പിന്നെ രണ്ടു പായ്ക്കറ്റ് പെഡിഗ്രിയും വാങ്ങി ഡോ.അഞ്ജനലക്ഷ്മിയെ ഏൽപ്പിച്ചു ഞങ്ങൾ പുറത്തിറങ്ങി. ഇറങ്ങിയിട്ടും എനിക്ക് മനസ്സുകേൾക്കാത്തതുകാരണം വീണ്ടും ഒരിക്കൽക്കൂടി വാർഡ് തുറന്ന് അകത്തുപോയി അവളെ മതിയാവോളം തലോടിക്കൊടുത്ത് യാത്രപറഞ്ഞിറങ്ങി.
അവളെ അവിടെ ആക്കി തിരിച്ചു വരുമ്പോൾ അവർ കരഞ്ഞത് ഇപ്പോഴും ചെവികളിൽ അലയടിക്കുന്നു. ഒരു മാസത്തിനു ശേഷം ഈ ലോകത്തെ പ്രകാശം തിരിച്ചറിയാൻ കഴിയുമ്പോൾ അവളെ വീണ്ടും കൊണ്ടുവരണം. അതുവരെ ഏകാന്തതയുടെ അപാരതീരത്തിൽ അവളെക്കുറിച്ചുള്ള ഓർമ്മകളുമായി കാത്തിരിക്കാം.






Comments

Post a Comment